തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കിയത് പാര്‍ട്ടി അറിയാതെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അതിനാലാണ് തീരുമാനം മരവിപ്പിച്ചതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച നടന്നിട്ടില്ല. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ യുവജനസംഘടനകള്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതിനെ എതിര്‍ത്തു. അവരുടെ എതിര്‍പ്പില്‍ തെറ്റില്ല. അതേസമയം, ധനവകുപ്പിന് ലഭിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ പ്രായം ഏകീകരിച്ചതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പെന്‍ഷന്‍ പ്രായം 60 ആക്കി ധനവകുപ്പ് ഉത്തരവിറക്കിയത്. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, ജല അതോരിറ്റി എന്നിവയൊഴികെ സംസ്ഥാനത്തെ എല്ലാ പൊതുമേഖലാസ്ഥാപനങ്ങളിലെയും വിരമിക്കല്‍പ്രായം അറുപതായി ഏകീകരിക്കാനായിരുന്നു തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവനവേതന വ്യവസ്ഥകള്‍ ഏകീകരിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചായിരുന്നു ധനവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയത്
പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ലെന്ന സര്‍ക്കാരിന്റെ നയപരമായ നിലപാടില്‍ നിന്ന് പിന്നോട്ടുപോയതിന്റെ സൂചനയായാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ പുതിയ തീരുമാനം വ്യാഖ്യാനിക്കപ്പെട്ടത്. സര്‍ക്കാര്‍ കടുത്ത സാമ്പത്തികപ്രതിസന്ധി കൂടി നേരിടുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഇടതുപക്ഷ യുവജനസംഘടനകളുള്‍പ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം മരവിപ്പിക്കുകയായിരുന്നു.