അനുവാദമില്ലാതെ പൊലീസ് വീട് കുത്തിത്തുറന്നു, മകളുടെ പത്ത് പവന്‍ സ്വര്‍ണ്ണം കാണാതായി; പരാതിയുമായി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ

കൊച്ചി: അനുവാദമില്ലാതെ കേരള പൊലീസ് വീട് കുത്തിത്തുറന്നുവെന്ന പരാതിയുമായി അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍. പൊലീസ് വീട് കുത്തിത്തുറന്ന് പരിശോധന നടത്തിയതിന് പിന്നാലെ ഇവിടെ സൂക്ഷിച്ചിരുന്ന മകളുടെ പത്ത് പവന്‍ സ്വര്‍ണ്ണം കാണാതായി. മകളുടെ പഠനാര്‍ത്ഥം ഡെല്‍ഹിയിലായിരുന്ന സമയത്താണ് സംഭവമുണ്ടായതെന്നും വ്യക്തമാക്കി സീന ഭാസ്‌കര്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

കഴിഞ്ഞ ദിവസമാണ് ക്രമിനല്‍ കേസിലെ പ്രതി ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഞാറയ്ക്കല്‍ പൊലീസിന്റെ നേതൃത്വത്തില്‍ സീനയുടെ വീട്ടില്‍ പരിശോധന നടത്തിയത്. പുലര്‍ച്ചെ വീട്ടിലെത്തിയ പൊലീസ് വീട് കുത്തിത്തുറന്ന് അകത്ത് കടക്കുകയും പരിശോധന നടത്തുകയുമായിരുന്നു,

ഈ വാട് വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നുവെന്നും മകളുടെ പഠനാര്‍ത്ഥം താന്‍ ഡെല്‍ഹിയിലാണ് താമസിച്ചിരുന്നതെന്നും സീന പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ആ വീട്ടില്‍ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നു. ഇത് കൂടാതെ സൈമണ്‍ ബ്രിട്ടോയ്ക്ക് ലഭിച്ച ഉപഹാരങ്ങളില്‍ ചിലത് നഷ്ടമായെന്നും സീന പരാതിയില്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് സീന പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം സൈമണ്‍ ബ്രിട്ടോയുടെ വീടാണിതെന്ന് അറിയില്ലായിരുന്നുവെന്നും വീടിന്റെ വാതില്‍ ശരിയാക്കുന്നതിനുള്ള ക്രമീകരണം അന്ന് തന്നെ ഏര്‍പ്പാടാക്കിയിരുന്നുവെന്നുമാണ് ഞാറയ്ക്കല്‍ പൊലീസ് പറയുന്നത്.