കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കോടതി വിളക്ക് നടത്തിപ്പില്‍ ജഡ്ജിമാരുടെ സജീവപങ്കാളിത്തം തടഞ്ഞ് ഹൈക്കോടതി. നേരിട്ടോ അല്ലാതെയോ തൃശ്ശൂര്‍ ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ കോടതി വിളക്ക് നടത്തിപ്പില്‍ പങ്കാളികളാകരുതെന്നാണ് നിര്‍ദ്ദേശം. കോടതി വിളക്ക് എന്നുവിളിക്കുന്നത് തന്നെ അസ്വീകാര്യമാണ്. ഇത് സംബന്ധിച്ച് തൃശ്ശൂര്‍ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍ തൃശ്ശൂര്‍ ജില്ലാ ജഡ്ജിക്ക് കത്തയച്ചു.
കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത് ശരിയല്ല. മതനിരപേക്ഷ സ്ഥാപനം എന്ന നിലയില്‍ അത് അംഗീകരിക്കാനാവില്ല. ഇതര മതസ്ഥരായവര്‍ക്ക് നിര്‍ബന്ധിതമായി ഈ ആഘോഷവുമായി സഹകരിക്കേണ്ടി വരും എന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും കത്തില്‍ പറയുന്നു.
ചാവക്കാട് മുന്‍സിഫ് കോടതി ജീവനക്കാരാണ് ബ്രിട്ടീഷ് ഭരണകാലത്ത് വിളക്ക് തുടങ്ങിയത്. പിന്നീടിത് ചാവക്കാട് ബാര്‍ അസോസിയേഷന്‍ ചടങ്ങ് ഏറ്റെടുത്തു. നവംബര്‍ ആറാം തീയതിയാണ് ഈ വര്‍ഷം കോടതി വിളക്ക് നടത്തുന്നത്.