വാഷിങ്ടണ്‍: പ്രമുഖ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഉപയോക്താക്കളുടെ ആധികാരികത ഉറപ്പാക്കുന്ന ബ്ലൂ ടിക്കിന് പണം ഈടാക്കുമെന്ന് പ്രഖ്യാപിച്ച് പുതിയ ഉടമയും ടെസ്‌ല സിഇഒയുമായ ഇലോണ്‍ മസ്‌ക്ക്. കഴിഞ്ഞ ദിവസം ട്വിറ്റര്‍ ഏറ്റെടുത്തശേഷം മസ്‌ക് നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ പദ്ധതികളിലൊന്നായാണ് ഇതിനെ ആവിഷ്‌കരിച്ചിരിക്കുന്നത്. ആധികാരികത ഉറപ്പാക്കുന്നതിനായി ഉപയോക്താക്കള്‍ പ്രതിമാസം എട്ട് ഡോളര്‍ വീതം നല്‍കണമെന്നാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
അതേസമയം മസ്‌ക്കിന്റെ പുതിയ പ്രഖ്യാപനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ട്വിറ്ററിലെ എണ്‍പത് ശതമാനത്തോളം വരുന്നവര്‍ പണം നല്‍കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ചെറിയൊരു ശതമാനം അഞ്ച് ഡോളര്‍ നല്‍കാമെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രമുഖ വ്യക്തികളുടെ ട്വിറ്റര്‍ അക്കൗണ്ടുകളിലെ ആധികാരികത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ബ്ലൂ ടിക്കുകള്‍ നല്‍കിയിരിക്കുന്നത്. തൊണ്ണൂറ് ദിവസത്തെ സമയത്തിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ ബ്ലൂ ടിക്ക് ബാഡ്ജുകള്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 4400 കോടി ഡോളറിന് ട്വിറ്റര്‍ വാങ്ങിയ ഇലോണ്‍ മസ്‌ക് യൂസര്‍ വെരിഫിക്കേഷന്‍ പ്രക്രിയകള്‍ നവീകരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.