ന്യൂഡെല്‍ഹി: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും വനിതകള്‍ക്കായുള്ള സ്വയംതൊഴില്‍ സംരംഭമായ സേവയുടെ സ്ഥാപകയുമായ ഇള ഭട്ട് (89)അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അല്പകാലമായി ചികിത്സയിലായിരുന്നു. പത്മഭൂഷന്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുള്ള ഇളാബെന്‍ ഭട്ട് അഹമ്മദാബാദ് സ്വദേശിയാണ്.
അഞ്ച് ദശകങ്ങള്‍ക്ക് മുമ്പാണ് ഇള ഭട്ട് സേവ (സെല്‍ഫ് എംപ്ലോയ്ഡ് വിമെന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ) ആരംഭിക്കുന്നത്. ലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ച ഈ സംരംഭം ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. വിമന്‍സ് വേള്‍ഡ് ബാങ്കിന്റെ സ്ഥാപകരില്‍ ഒരാളാണ് ഇളബെന്‍ ഭട്ട്. അഭിഭാഷക കൂടിയായ ഇള സബര്‍മതി ആശ്രമം പ്രിസര്‍വേഷന്‍ ആന്‍ഡ് മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.