തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമാന്തര സര്‍ക്കാരാകാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജൂഡീഷ്യറിക്കും മേലെയാണെന്ന ഭാവമാണ് അദ്ദേഹത്തിന്. ഗവര്‍ണറുടെ അധികാരത്തെക്കുറിച്ച് രാജ്യത്ത് കോടതി ഉത്തരവുകള്‍ നിലവിലുണ്ട്. ഇല്ലാത്ത അധികാരം വകവെച്ചുകൊടുക്കുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ക്കെതിരെ സംഘടിപ്പിക്കുന്ന ജനകീയ കണ്വെന്ഷന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ മികവ് പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. ആര്.എസ്.എസും സംഘപരിവാറുമാണ് അതിന് പിന്നില്‍. അക്കാദമിക മികവാണ്, അല്ലാതെ രാഷ്ട്രീയമല്ല വിസിമാരെ നിയമിക്കാന്‍ മാനദണ്ഡമാക്കിയത്. ഉന്നതവിദ്യാഭ്യാസരംഗത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കുമാവില്ല. ചാന്‍സലര്‍ സ്ഥാനത്തിരുന്ന് ഗവര്‍ണര്‍ സര്‍വ്വകലാശാലകളെ അപമാനിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യു.ഡി.എഫിന്റെ ഭരണകാലത്ത് സ്കൂള്‍ ടീച്ചറെ വിസിയാക്കിയതുപോലെ ഇടതുപക്ഷം ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി പിടിച്ചുവെക്കുകയാണ്. ബില്ലുകളില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് ഭരണഘടന പറയുന്നത്. ഭരണഘടനാ ബോധമുള്ളവര്‍ ബില്ലുകളില്‍ ഒപ്പിടാന്‍ വൈകിപ്പിക്കില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. അതേപോലെ നിയമനിര്‍മ്മാണ സഭയ്ക്ക് മേല്‍ കടന്നുകയറാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രീതി തീരുമാനിക്കാന്‍ മന്ത്രിസഭയും നിയമസഭയും ഉണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.