കണ്ണൂര്‍: തലശ്ശേരി പാലയാട് ക്യാംപസിലെ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പന്തീരാങ്കാവ് യു.എ.പി.എ. കേസിലെ പ്രതി അലന് ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ധര്‍മ്മടം പൊലീസാണ് അലനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. അതേസമയം റാഗിങ് പരാതി നല്കി എസ്.എഫ്.ഐ പക വീട്ടുകയാണെന്ന് അലന് ഷുഹൈബ് ആരോപിച്ചു.
ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയെ അലന് ഷുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം റാഗ് ചെയ്തെന്ന എസ്.എഫ്.ഐയുടെ ആരോപണത്തെത്തുടര്‍ന്ന് നടപടി. ഈ വിഷയത്തില്‍ ക്യാമ്പസില്‍ രാവിലെ മുതല്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് അലനെ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുത്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി മുന്‍പ് അറസ്റ്റ് ചെയ്ത അലന് ഷുഹൈബ് നിലവില്‍ ജാമ്യത്തിലാണ്.