Home Featured എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

0

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ സേതുവിന്. സാഹിത്യത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ക്കാണ് പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യപുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ ബഹുമതി.

നോവല്‍, ചെറുകഥാ വിഭാഗത്തില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുള്ള സേതുവിന് കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, വയലാര്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പാണ്ഡവപുരം, അടയാളങ്ങള്‍, മറുപിറവി, ഏഴാം പക്കം, കൈമുദ്രകള്‍, ചേക്കുട്ടി, തിങ്കളാഴ്ചകളിലെ ആകാശം, വെളുത്ത കൂടാരങ്ങള്‍, പാമ്പും കോണിയും, പേടിസ്വപ്‌നങ്ങള്‍, ദൂത്, ഗുരു എന്നിവയാണ് പ്രധാന രചനകള്‍.

കെ.സച്ചിദാനന്ദന്‍, പ്രൊഫ.എം.കെ.സാനു, വൈശാഖന്‍, ഡോ.എം.വി.നാരായണന്‍, റാണി ജോര്‍ജ് ഐഎഎസ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. സേതു എന്ന എഴുത്തുകാരന്റെ ജീവിതാനുഭവങ്ങള്‍ പുതുതലമുറയെ പ്രചോദിപ്പിക്കുന്ന ഒരു പാഠപുസ്തകമാണെന്ന് പുരസ്‌കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. ജീവിതാനുഭവങ്ങളുടെ ഒരു വലിയ ബാങ്ക് നിക്ഷേപമുള്ള വലിയ എഴുത്തുകാരനാണ് അദ്ദേഹം. പ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും നിര്‍വ്വചനങ്ങള്‍ക്കപ്പുറം നിന്നുകൊണ്ട് എഴുത്തിനെ നവീകരിക്കാനും സമകാലികമാക്കാനും ശ്രദ്ധ വെയ്ക്കുന്ന എഴുത്തുകാരനാണ് സേതു.

പ്രമേയത്തിലും രചനാശൈലിയും പുതുമ കൊണ്ടുവരാന്‍ കാണിച്ച സൂക്ഷ്മജാഗ്രത സേതുവിനെ വ്യത്യസ്തനാക്കുന്നു. അതോടൊപ്പം തന്റെ രചനകളും ജീവിതവും വഴി ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിയ്ക്കുന്ന എഴുത്തുകാരനാണ് സേതുവെന്നും സമിതി വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here