തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണസമരത്തിനെതിരെ കൈകോര്‍ച്ച് സിപിഎമ്മും ബിജെപിയും. പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സിപിഎമ്മിലെയും ബിജെപിയിലെയും നേതാക്കള്‍ ഒരുമിച്ച് പങ്കെടുത്തത്.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷും പ്രാദേശിക ജനകീയ സമിതി സംഘടിപ്പിച്ച ലോങ് മാര്‍ച്ചില്‍ പങ്കെടുത്തു. വിഴിഞ്ഞം മുല്ലൂരില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ഉച്ചയോടെ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയപ്പോള്‍ സമാപനയോഗത്തിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ നടത്തുന്ന സമരത്തിനോട് വിരുദ്ധമായ നിലപാടാണ് രണ്ട് പാര്‍ട്ടികളും സ്വീകരിച്ചിരിക്കുന്നത്. വിഴിഞ്ഞം സമരത്തിനെതിരെ ജനങ്ങള്‍ അണിനിരക്കണമെന്ന് ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നടത്തുന്ന പദ്ധതിയായതിനാലാണ് ഒരുവേദിയില്‍ ഒന്നിച്ചെത്തിയതെന്ന് വി.വി.രാജേഷ് പറഞ്ഞു. മുല്ലൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായ കൗണ്‍സിലറും മാര്‍ച്ചില്‍ പങ്കെടുത്തു.
മത്സ്യത്തൊഴിലാളികളുടെ സമരത്തിനെതിരെ മുല്ലൂരിലെ പ്രാദേശിക കൂട്ടായ്മയാണ് സമരത്തിനെതിരെ രംഗത്ത് വന്നത്. സമരപ്പന്തല്‍ പൊളിക്കണമെന്നും തുറമുഖനിര്‍മ്മാണം തടസ്സപ്പെടുത്തരുതെന്നുമാണ് ഇവരുടെ ആവശ്യം.