പ്യോങ്യാങ്: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കൊറിയയുടെ സംയുക്ത സൈനിക മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. കിഴക്കന്‍ കടലിനെ ലക്ഷ്യമാക്കിയാണ് ഉത്തരകൊറിയ പരീക്ഷണം നടത്തിയതെന്ന് അയല്‍രാജ്യമായ ദക്ഷിണകൊറിയ അറിയിച്ചു. അതേസമയം, പരീക്ഷിച്ച മിസൈലിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ പരസ്പരം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് വീണ്ടും പരീക്ഷണം നടന്നിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ച അവസ്ഥയിലാണ്. എന്നാല്‍ ഇതിന് ശേഷവും മിസൈല്‍ പരീക്ഷണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടാണ് ഉത്തര കൊറിയയുടേതെന്നാണ് സൂചന.
ഇതിനിടെ ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം അവിശ്വസനീയമാം വിധം ആശങ്കപ്പടുത്തുന്നതാണെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു. നേരത്തെ ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി യു.എസ്, ദക്ഷിണ കൊറിയ, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഏഴാമത്തെ മിസൈല്‍ പരീക്ഷണം നടത്തിയാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.