ഹൈദരാബാദ്: തെലങ്കാന സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വം ശ്രമിക്കുന്നതായി ആരോപണം. ബി.ജെ.പിയിയില്‍ ചേരാന്‍ നിര്‍ബന്ധിച്ച് കോടിക്കണക്കിന് രൂപ ടി.ആര്‍.എസ് എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്ത് നേരിട്ട് സമീപിച്ചതായി ആരോപിക്കുന്നു.
എം.എല്‍.എമാരുടെ പരാതിയെത്തുടര്‍ന്ന് പണം വാഗ്ദാനം ചെയ്ത ഡെല്‍ഹിയില്‍ നിന്നുള്ള സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മൊയ്‌നാബാദിലെ അസീസ് നഗറില്‍ തന്തൂര്‍ എം.എല്‍.എ രോഹിത് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
പൊലീസ് പരിശോധനയില്‍ അറസ്റ്റിലായവരില്‍ നിന്ന് 15 കോടിയിലേറെ രൂപ കണ്ടെടുത്തിട്ടുണ്ട്. ബി.ജെ.പിയില്‍ ചേരാന്‍ 100 കോടിയോളം രൂപ വാഗ്ദാനം ചെയ്‌തെന്ന് എം.എല്‍.എമാര്‍ പൊലീസിനെ അറിയിച്ചു. കസ്റ്റഡിയിലായവര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഹൈദരാബാദില്‍ എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.