തിരുവനന്തപുരം: പീഡനപരാതി നല്‍കിയ അധ്യാപികയെ മര്‍ദ്ദിച്ച കേസില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് വിലക്കി കോടതി. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ അന്തിമവിധി വരുന്നത് വരെയാണ് അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് പരാതിക്കാരിയെ എല്‍ദോസ് ആക്രമിച്ചെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എം.എല്‍.എ തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി കേസില്‍ അന്തിമവാദം നാളെ കേള്‍ക്കും.
വഞ്ചിയൂര്‍ പൊലീസാണ് യുവതിയുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്തത്. ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം കേട്ടില്ലെങ്കില്‍ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു ഹര്‍ജിയിലെ വാദം. പീഡനക്കേസില്‍ കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം ലഭിച്ച കാര്യവും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.