
കൊച്ചി: രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്കിയ നോട്ടീസില്‍ സംസ്ഥാനത്തെ ഒന്‍പത് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രത്യേക സിറ്റിങ്ങ് നടത്തി ഹൈക്കോടതി. വിസി നിയമനങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ചോദിച്ച ഹൈക്കോടതി ചാന്‍സലറായ ഗവര്‍ണര്‍ അന്തിമതീരുമാനം എടുക്കുന്നത് വരെ വിസിമാര്‍ക്ക് തത്കാലം പദവിയില്‍ തുടരാമെന്ന് വ്യക്തമാക്കി. ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ ഉടന്‍ രാജിവെക്കണമെന്ന കത്ത് അസാധുവായെന്ന് കോടതി നിരീക്ഷിച്ചു. നിയമപ്രകാരം നീക്കം ചെയ്യപ്പെടുന്നത് വരെ വിസിമാര്‍ക്ക് തുടരാമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ബെഞ്ചാണ് സര്‍വ്വകലാശാല വിസിമാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചത്.
സുപ്രീം കോടതി വിധിയെ തള്ളാതെയാണ് ഹൈക്കോടതി ഹര്‍ജിയില്‍ വാദം കേട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീം കോടതി വിധി പ്രകാരം കടുത്ത നടപടിയിലേക്ക് കടക്കുംമുന്‍പ് നടത്തിയ അഭ്യര്‍ത്ഥന മാത്രമായിരുന്നു ഗവര്‍ണറുടേത്. വിസിമാര്‍ക്ക് മാന്യമായി പുറത്തേക്ക് പോകാനുള്ള അവസരമാണ് ചാന്‍സലര്‍ നല്‍കിയത്. വിശദീകരണം നല്‍കാനും വിസിമാരുടെ ഭാഗം കേള്‍ക്കാനുമായി പത്ത് ദിവസത്തെ സാവകാശവും കാരണംകാണിക്കല്‍ നോട്ടീസില്‍ നല്‍കിയിട്ടുണ്ട്. വിസിമാര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് ഗവര്‍ണര്‍ കേള്‍ക്കണം. വിശദീകരണം കേള്‍ക്കാതെ കടുത്ത നടപടി എടുക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുശേഷം അദ്ദേഹത്തിന് നടപടിയെടുക്കാമെന്നും കോടതി അറിയിച്ചു. നിയമപരമായി മാത്രമേ വിസിമാരെ പുറത്താക്കാന്‍ സാധിക്കൂവെന്നും ഹൈക്കോടതി പറഞ്ഞു.
സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം അസാധുവാണെന്ന് സുപ്രീം കോടതി വിലയിരുത്തിയതാണ്. ആ വിധി ബാധകമാണെങ്കില്‍ വിസിമാര്‍ക്ക് ഒക്ടോബര്‍ 24 വരെ സമയം അനുവദിച്ച ഗവര്‍ണര്‍ ഒരു മാന്യനാണെന്നും ഹൈക്കോടതി പറഞ്ഞു. ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കില്‍ അതുവരെ തുടരാമെന്ന് വാദിയ്ക്കുന്നത് എങ്ങനെ ശരിയാകുമെന്നും വിസിമാരോട് ഹൈക്കോടതി ചോദിച്ചു. നിയമന അധികാരി ചാന്‍സലറാണ്, എന്തുകൊണ്ട് ചാന്‍സലര്‍ക്ക് നടപടിയെടുത്തുകൂടാ എന്നും കോടതി ചോദിച്ചു.
സുപ്രീം കോടതി വിധി സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് മാത്രം ബാധകമാണെന്ന വിസിമാരുടെ വാദത്തെയും ഹൈക്കോടതി ഖണ്ഡിച്ചു. സംസ്ഥാന സര്‍ക്കാരിനെ എന്തിന് കക്ഷിയാക്കി എന്ന കോടതി ചോദിച്ചപ്പോള്‍ ആരുടെയും പക്ഷം പിടിയ്ക്കുന്നില്ലെന്ന് എജി ഹൈക്കോടതിയെ അറിയിച്ചു.
ദീപാവലി ദിനമായ ഇന്ന് കോടതി അവധിയായിട്ടും ഹര്‍ജിയുടെ അടിയന്തരപ്രാധാന്യം മനസ്സിലാക്കിയാണ് ഹൈക്കോടതി വിസിമാരുടെ ഹര്‍ജി പരിഗണിച്ചത്. ഗവര്‍ണര്‍ ഇന്ന് രാജിവെയ്ക്കണമെന്ന് അന്ത്യശാസനം നല്കിയ ഒമ്പത് സര്‍വ്വകലാശാല വിസിമാര്‍ തങ്ങളെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.