
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനകാര്യത്തില്‍ സുപ്രീം കോടതി എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസിയുടെ നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്നും ആര്‍ക്കാണ് അര്‍ഹതയില്ലാത്തതെന്നും സുപ്രീം കോടതി വിശദീകരിച്ചിട്ടുണ്ട്. പാര്‍ട്ടിക്കാരെയാണ് മന്ത്രിമാര്‍ പ്രൈവറ്റ് സ്റ്റാഫായി നിയമിക്കുന്നതെന്ന് ആരോപിച്ച ഗവര്‍ണര്‍ തന്റെ പ്രവൃത്തികള്‍ വിലയിരുത്താന്‍ നിയമമന്ത്രിക്ക് അധികാരമില്ലെന്നും പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിലായിരുന്നു ഗവര്‍ണര്‍ തുറന്നടിച്ചത്.
തന്റെ അധികാരപരിധി ചോദ്യം ചെയ്യാന്‍ മന്ത്രിമാര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍ മന്ത്രിമാരെ നിയമിച്ചത് താനാണെന്നും ആ മന്ത്രിമാരാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നതെന്നും ആരോപിച്ചു. ഗവര്‍ണറുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കേരളം ലഹരിയുടെ തലസ്ഥാനമായി മാറുകയാണെന്നും ലോട്ടറിയും മദ്യവും വിറ്റ് പണമുണ്ടാക്കുകയാണ് കേരളം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ആരും തന്നെ നിക്ഷേപം നടത്തുന്നില്ല, നൂറ് ശതമാനം സാക്ഷരതയുള്ള കേരളത്തിലെ യുവജനങ്ങള്‍ പഠനത്തിനായി അന്യസംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കുമാണ് പോകുന്നത്. ലോട്ടറിയും മദ്യവും മതി എന്ന് കേരളം തീരുമാനിച്ചിരിക്കുകയാണെന്നും ഗവര്‍ണര്‍ പരിഹസിച്ചു.