കോട്ടയം: പിപിഇ കിറ്റ് അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഇന്ന് കോട്ടയത്തെത്തിയ മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുത്ത് തിരികെ മടങ്ങുംവഴിയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ വേറിട്ട പ്രതിഷേധം. പിപിഇ കിറ്റുകള്‍ ധരിച്ചാണ് മുഖ്യമന്ത്രിയുടെ യാത്രാവ്യൂഹത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. ഇവരെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. കോട്ടയം ഡിസിസി ഓഫീസിന് സമീപത്ത് കാത്തുനിന്ന പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശുകയും കോണ്‍ഗ്രസിന്റെ പതാക ഉയര്‍ത്തി പ്രതിഷേധിക്കുകയുമായിരുന്നു.
ലോക്ക് ഡൗണ്‍ കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന പരാതിയില്‍ മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലോകായുക്ത അന്വേഷണം നടത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധം. മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു പിപിഇ കിറ്റുകള്‍ വാങ്ങിയതെന്നായിരുന്നു കെ.കെ.ശൈലജയുടെ പ്രതികരണം.