
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം സുപ്രീം കോടതി തള്ളി. വിചാരണക്കോടതി മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് അജയ് രസ്‌തോഗി, സി.ടി.രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇപ്പോഴത്തെ ജഡ്ജി വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്കയുണ്ടെന്നും അതിജീവിത കോടതിയെ അറിയിച്ചിരുന്നു. വിചാരണക്കോടതി ജഡ്ജിയുമായും അവരുടെ ഭര്‍ത്താവുമായും എട്ടാം പ്രതിയായ നടന്‍ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്‌സ് ക്ലിപ്പുകളില്‍ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇതിന് തെളിവു ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള എല്ലാ നടപടിയും വിചാരണക്കോടതി ജഡ്ജി സ്വീകരിക്കുന്നുണ്ടെന്ന് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. കേസിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ആറാഴ്ചയ്ക്ക് ശേഷം നല്‍കാന്‍ വിചാരണക്കോടതിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഡിസംബര്‍ 13-ന് കേസ് വീണ്ടും പരിഗണിക്കും.