ലണ്ടന്‍: അധികാരമേറ്റ് ഒന്നര മാസത്തിനുള്ളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. ട്രസിന്റെ നയങ്ങള്‍ പലതും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്നും ശക്തമായതിനെത്തുടര്‍ന്നാണ് രാജി. ഏല്‍പ്പിച്ച ദൗത്യം നിറവേറ്റാന്‍ സാധിക്കില്ലെന്ന ഉത്തമബോധ്യത്തെത്തുടര്ന്നാണ് തന്റെ രാജിയെന്ന് ലിസ് ട്രസ് പ്രസ്താവനയില്‍ പറഞ്ഞു. 45 ദിവസം മാത്രം പ്രധാനമന്ത്രി പദവിയിലിരുന്ന ലിസ് ട്രസ്, ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു.
രാജിപ്രഖ്യാപനം നടത്തിയെങ്കിലും പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നത് വരെ താന്‍ പ്രധാനമന്ത്രിപദത്തില്‍ തുടരുമെന്ന് ലിസ് ട്രസ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഭരണകക്ഷി എം.പിമാരില്‍ നിന്നും പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലിസ് ട്രസിന്റെ മന്ത്രിസഭയില്‍ നിന്നും രണ്ട് മന്ത്രിമാര്‍ അടുത്തടുത്ത ദിവസങ്ങളില്‍ രാജിവെച്ചത് പ്രതിസന്ധി വര്‍ദ്ധിപ്പിച്ചിരുന്നു. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഭൂരിപക്ഷം എം.പിമാരുടെ പിന്തുണയും ലിസ് ട്രസിന് നഷ്ടമായ അവസ്ഥയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി തലവന്‍ ഗ്രഹാം ബ്രാഡിക്ക് എം.പിമാര്‍ പോയവാരം തന്നെ കത്ത് നല്‍കിയിരുന്നു.