
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ 11 പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയില്‍ ഹാജരാകണമെന്നും മധുവിന്റെ അമ്മ, സഹോദരി തുടങ്ങി അവരുടെ ബന്ധുക്കളെയോ സാക്ഷികളെയോ കാണാനോ ബന്ധപ്പെടാനോ പാടില്ലെന്നും ജാമ്യ ഉത്തരവില്‍ പറയുന്നുണ്ട്. മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി കോടതിയുടേതാണ് വിധി.
കേസില്‍ ദൃക്‌സാക്ഷികളുടെ വിസ്താരം ഇന്നത്തോടെ പൂര്‍ത്തിയായിട്ടുണ്ട്. നേരത്തെ വിസ്തരിച്ച രണ്ട് സാക്ഷികളെ ഇന്ന് വീണ്ടും വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു. ഇതില്‍ കൂറുമാറിയ സാക്ഷികളില്‍ ഒരാള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ പേടിച്ചിട്ടാണ് നേരത്തെ മൊഴി മാറ്റിയതെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞിരുന്നു. പത്തൊന്‍പതാം സാക്ഷി കക്കിയാണ് വ്യാഴാഴ്ച പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്. ഒപ്പമുണ്ടായിരുന്ന കേസിലെ 18-ാം സാക്ഷി കാളിമൂപ്പനും പ്രോസിക്യൂഷന് അനുകൂലമായി മൊഴി തിരുത്തിയിട്ടുണ്ട്. നേരത്തെ പ്രതികളുടെ ഭാഗത്തേക്ക് കൂറുമാറിയ കാളിമൂപ്പന്‍ പൊലീസിന് കൊടുത്ത മൊഴി ഇന്ന് കോടതിയില്‍ ആവര്‍ത്തിക്കുകയായിരുന്നു.