
കൊല്ലം: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്.ടി.സി ബസില്‍ ഇടിച്ചുകയറി ഒന്‍പത് പേര് മരിച്ച സംഭവത്തില്‍ അപകടത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവര്‍ ജോമോന് അറസ്റ്റില്‍. അപകടത്തിന് ശേഷം പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അവിടെ നിന്നും ഒളിവില്‍ പോയിരുന്നു.
കൊല്ലം ജില്ലയിലെ ചവറയില്‍ നിന്നാണ് ജോമോനെ പൊലീസ് പിടികൂടിയത്. തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അഭിഭാഷകനെ കാണുന്നതിനായി കാറില്‍ പോകുന്നതിനിടെയാണ് പൊലീസ് ചവറയില്‍ നിന്നും പിടികൂടിയത്.
ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എറണാകുളം, കോട്ടയം സ്വദേശികളാണ് ഇരുവരും. ഇവരെ ചവറ പൊലീസ് ചോദ്യം ചെയ്യുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ വടക്കഞ്ചേരി പൊലീസിന് കൈമാറും.