
പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ടതെന്ന് ഗതാഗതവകുപ്പ്. കോട്ടയം ആര്‍.ടി.ഒയുടെ കീഴിലാണ് ബസിനെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അരുണ്‍ എന്ന കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ഇതിന് പുറമേ ബസിനെതിരെ അഞ്ചോളം കേസുകളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയാലും ബസിന് സര്‍വ്വീസ് നടത്താനാകും. ഈ പഴുത് ഉപയോഗിച്ചാണ് ബസ് കുട്ടികളുമായി ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് തിരിച്ചത്.
ഫ്‌ലാഷ് ലൈറ്റുകള്‍ സ്ഥാപിച്ച് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക, നിയമവിരുദ്ധമായ എയര്‍ഹോണ്‍, ചട്ടം ലംഘിച്ച് വാഹനമോടിയ്ക്കല്‍ എന്നിവയാണ് നിലവില്‍ ബസിനെതിരെ കേസുള്ളത്. സ്‌കൂള്‍- കോളെജ് വിനോദയാത്ര സംബന്ധിച്ച് ഗതാഗത വകുപ്പ് പുറത്തിറക്കിയ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് സര്‍വ്വീസ് നടത്തിയത്. വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിനോദയാത്രയ്ക്ക് സ്‌കൂള്‍ അധികൃതര്‍ ബസ് വിളിച്ചത് ഉന്നതതല ഉത്തരവ് പാലിക്കാതെയാണെന്നും ആക്ഷേപമുണ്ട്.
എറണാകുളം മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നും പോയ വിനോദയാത്രാ സംഘമാണ് ഇന്നലെ രാത്രി 11.30-ഓടെ പാലക്കാട് വടക്കഞ്ചേരിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തൊട്ടുമുന്നില്‍ പോവുകയായിരുന്നു കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനുമുള്‍പ്പെടെ ഒന്‍പത് പേരാണ് മരിച്ചത്.
അതേസമയം അപകടത്തില്‍പ്പെട്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ അറിയിച്ചു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.