
കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നാളെ ഹൈക്കോടതിയില്‍ ഹാജരാകാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കോടതിയുടെ നിര്‍ദ്ദേശം. റോഡ് സുരക്ഷാ കമ്മീഷണര്‍ കൂടിയായ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നേരിട്ട് ഹാജരാകാന്‍ സാധിച്ചില്ലെങ്കില്‍ ഓണ്‍ലൈനിലൂടെ ഹാജരാകാമെന്നും കോടതി പറഞ്ഞു.
സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കോടതി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഇല്ലേയെന്ന് ആരാഞ്ഞു. മോട്ടോര്‍വാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് നിര്‍ബന്ധമാക്കണമെന്നും റോഡില്‍ വഴിവിളക്ക് ഉറപ്പാക്കണമെന്നുമുള്ള നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ലെന്ന് അഭിഭാഷകര്‍ കോടതിയില്‍ സൂചിപ്പിച്ചു. നിര്‍ദ്ദേശങ്ങളെയും നിയമങ്ങളെയും ഭയമില്ലാത്തതാണ് പ്രശ്‌നം, സര്‍ക്കുലറുകള്‍ ഇറക്കുകയല്ല, നടപടിയെടുക്കുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു.
നേരത്തെ, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അപകടം സംബന്ധിച്ച് പൊലീസില്‍ നിന്നും മോട്ടോര്‍ വാഹനവകുപ്പില്‍നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. ടൂര്‍ പോകുന്ന വിവരം സ്‌കൂള്‍ അധികൃതര്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കോടതിയെ അറിയിച്ചത്. അപകടത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു. സംഭവത്തില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.