മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്ത് നടത്തിയ സംഭവത്തില്‍ മുംബൈയില്‍ മലയാളി അറസ്റ്റില്‍. മുംബൈ വാശിയില്‍ പ്രവര്‍ത്തിക്കുന്ന യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് മാനേജിങ് ഡയറക്ടര്‍ എറണാകുളം കാലടി സ്വദേശി വിജിന്‍ വര്‍ഗ്ഗീസിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്‌സ് ഉടമ മന്‍സൂറിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലെ വാശിയില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് ഡിആര്‍ഐ പിടികൂടിയത്. പഴങ്ങള്‍ കൊണ്ടുപോകുന്ന കണ്ടെയ്‌നറില്‍ നിന്ന് 198 കിലോഗ്രാം മെത്താഫെറ്റമിനും ഒമ്പത് കിലോ കൊക്കെയ്‌നും പിടികൂടുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത് ഓറഞ്ചുകള്‍ എന്നായിരുന്നു രേഖകളില്‍ ഉണ്ടായിരുന്നത്. വിജിന്‍ ഉടമയായ കമ്പനിയുടെ പേരിലാണ് ഇവ എത്തിയിരുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പഴക്കടത്തിന് പിന്നിലെ ലഹരി കച്ചവടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
കോവിഡ് കാലത്താണ് അറസ്റ്റിലായ വിജിന്‍ വര്‍ഗ്ഗീസും മന്‍സൂറും തമ്മില്‍ പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും ദുബായിലേക്ക് മാസ്‌ക് കയറ്റി അയക്കുന്ന ബിസിനസ് ആരംഭിച്ചു. പിന്നാലെ പഴം ഇറക്കുമതിയും ആരംഭിച്ചു. ഈ കച്ചവടത്തിന്റെ മറവിലാണ് ലഹരിമരുന്ന് കടത്തും ആരംഭിച്ചത്. ഇടപാടില്‍ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമാണെന്ന് ഡി.ആര്‍.ഐ പറയുന്നു.