
തിരുവനന്തപുരം: വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് സഹോദരങ്ങളുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട അഞ്ച് പേരില്‍ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വിനോദസഞ്ചാരത്തിന് എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
മരിച്ച ഫിറോസും ജവാദും സഹോദരന്മാരാണ്. ഇവരുടെ സഹോദരിയുടെ മകനാണ് സഫാന്‍. ഫിറോസ് എസ്.എ.പി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനും ജവാദ് അമ്പലത്തറ യു.പി.സ്‌കൂളിലെ അധ്യാപകനുമാണ്.
എട്ടംഗസംഘമാണ് പൊന്‍മുടിയിലേക്ക് വിനോദസഞ്ചാരത്തിന് പുറപ്പെട്ടത്. എന്നാല്‍ അവിടേയ്ക്കുള്ള റോഡ് മോശമായതിനാല്‍ കല്ലാറില്‍ എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയെത്തുടര്‍ന്ന് നദിയില്‍ വലിയ ഒഴുക്കുണ്ടായിരുന്നു. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ പുഴയില്‍ ഇറങ്ങിയത്. ഒഴുക്കില്‍പ്പെടുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വെള്ളപ്പാച്ചിലില്‍ ഇവര്‍ ഒഴുകിപ്പോവുകയായിരുന്നു.