
പാലക്കാട്: വടക്കഞ്ചേരിയില്‍ ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ തമിഴ്‌നാട്ടുകാരായ ആറ് പേരാണ് പിടിയിലായത്. 25 പവന്‍ സ്വര്‍ണ്ണവും പതിനായിരം രൂപയുമാണ് വീട്ടില്‍ കയറി ആക്രമിച്ച് കവര്‍ന്നത്.
ഈ മാസം 22-നായിരുന്നു ഇവര്‍ വീട്ടില്‍ അതിക്രമിച്ച് മോഷണം നടത്തിയത്. ദേശീയപാതയ്ക്ക് സമീപത്തുള്ള ദമ്പതികളുടെ വീടിന് മുന്നില്‍ വെച്ച് വാഹനം നിര്‍ത്താതെ ഹോണ്‍ മുഴക്കിയതിനെത്തുടര്‍ന്ന് ദമ്പതികള്‍ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി. ഈ സമയം സംഘത്തിലുണ്ടായിരുന്നു ആറ് പേര്‍ ദമ്പതികളെ ബന്ദിയാക്കിയ ശേഷം വീട്ടില്‍ നിന്ന് പണവും സ്വര്‍ണ്ണവും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കവര്‍ച്ച നടത്തിയത് തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ ഈ സംഘവുമായി ചേര്‍ന്ന് മോഷണം നടത്തുന്ന മറ്റ് ചിലരെ പൊലീസ് പിടികൂടി. ഇവരില്‍ നിന്നാണ് പൊലീസിന് മോഷ്ടാക്കളുടെ സംഘത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.