ഉത്തരാഖണ്ഡിലെ ഹിമപാതം; പത്ത് പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹിമപാതത്തെത്തുടര്‍ന്ന് ദ്രൗപദി ദണ്ഡ കൊടുമുടിയില്‍ കുടുങ്ങിയ പര്‍വ്വതാരോഹകരില്‍ പത്ത് പേര്‍ മരിച്ചു. എട്ട് പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പതിനൊന്ന് പേര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ആകെ 29 പേരാണ് ഹിമപാതത്തെ തുടര്‍ന്ന് പര്‍വ്വതത്തില്‍ കുടുങ്ങിയത്.

ഉത്തരകാശിയിലെ നെഹ്‌റു മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ട്രെയിനികളാണ് പര്‍വ്വതത്തില്‍ കുടുങ്ങിയത്. പര്‍വ്വതാരോഹണ പരിശീലനത്തിന് പോയതായിരുന്നു ഇവര്‍. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. കഴിഞ്ഞ ഏതാനും മണിക്കൂറുകളില്‍ മേഖലയില്‍ ശക്തമായ മഴയുണ്ടായിരുന്നു. ഇതാണ് ഹിമപാതത്തിന് കാരണമെന്ന് കരുതുന്നു. മല കയറിയ ശേഷം തിരിച്ചിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

ദേശീയ, സംസ്ഥാന ദുരന്ത നിവാരണസേന, സൈന്യം, വ്യോമസേന, ഐടിബിപി എന്നീ വിഭാഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായുള്ളത്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ വ്യോമസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.