
തിരുവനന്തപുരം: പള്ളിക്കലില്‍ അയല്‍വാസികളായ ദമ്പതികളെ തീകൊളുത്തി കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ വയോധികനായ പ്രതിയും മരിച്ചു. അയല്‍വാസിയായ ശശിധരന്‍ നായരാണ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കൊച്ചാലുംമൂട് കാര്‍ത്തികയില്‍ പ്രഭാകരക്കുറുപ്പ്, ഭാര്യ വിമലാദേവി എന്നിവരെയാണ് കഴിഞ്ഞദിവസം പട്ടാപ്പകല്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തി ആക്രമണം നടത്തുന്നതിനിടെ ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റിരുന്നു.
രണ്ടര പതിറ്റാണ്ടിലധികം നീണ്ട പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശശിധരന്‍ നായരുടെ മകനെ പ്രഭാകരക്കുറുപ്പ് നേരത്തെ ഗള്‍ഫില്‍ ജോലി നല്‍കി കൊണ്ടുപോയിരുന്നു. അവിടെ ജോലി ശരിയാക്കി നല്‍കിയെങ്കിലും മകന്‍ ആത്മഹത്യ ചെയ്തു. സഹോദരന്റെ മരണം സഹിക്കാനാവാതെ ശശിധരന്റെ മകളും ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് ഇരുകുടുംബങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഈ തര്‍ക്കമാണ് ആക്രമണത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്.
പ്രഭാകരക്കുറുപ്പിന്റെ പീഡനം കൊണ്ടാണ് മകന്‍ ജീവനൊടുക്കിയതെന്നാണ് ശശിധരന്‍ നായര്‍ പറയുന്നത്. മകന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രഭാകരക്കുറുപ്പിനെ കോടതി വെറുതെവിട്ടിരുന്നു. വിധി വന്ന പശ്ചാത്തലത്തിലായിരുന്നു പ്രഭാകരക്കുറിപ്പിനും ഭാര്യയ്ക്കും നേരെ ശശിധരന്‍ നായര്‍ ആക്രമണം നടത്തിയത്.