
കോട്ടയം: ആലപ്പുഴ ആര്യാട് നിന്ന് കഴിഞ്ഞ മാസം 26-ാം തീയതി കാണാതായ യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറയില്‍ കുഴിച്ചിട്ടതായി കണ്ടെത്തി. ആര്യാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കിഴക്കേ തയ്യില്‍ പുരുഷന്റെ മകന്‍ ബിന്ദുമോന്റെ (43) മൃതദേഹമാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ചങ്ങനാശ്ശേരി എസി റോഡില്‍ പൂവത്തിന് സമീപത്തുള്ള ബിന്ദുമോന്റെ പരിചയക്കാരനായ മുത്തുകുമാറിന്റെ വീടിന് പിന്നിലുള്ള തറ പൊളിച്ച് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ബിന്ദുമോന്റെ ബൈക്ക് ഇന്നലെ പുതുപ്പള്ളിക്ക് സമീപം ഇരവിനെല്ലൂരിലെ തോട്ടില്‍ നിന്ന് കണ്ടെടുത്തതാണ് കേസില്‍ നിര്‍ണ്ണായകമായത്. ബിന്ദുമോനെ കാണാനില്ലെന്ന് ഇയാളുടെ ബന്ധുക്കള്‍ ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞു പോയതാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. തിരുവല്ലയില്‍ വച്ച് മൊബൈല്‍ പരിധിക്കു പുറത്തായി. ബിജെപി പ്രവര്‍ത്തകനായ ബിന്ദുമോന്‍ അവിവാഹിതനാണ്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചങ്ങനാശേരി എസി കോളനിക്കു സമീപമാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. ഇതോടെയാണ് മുത്തുകുമാറിന്റെ വീടുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയത്. ഇവിടെ വീടിനോട് ചേര്‍ന്ന് തറയില്‍ പുതുതായി കോണ്‍ക്രീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. വീടിന്റെ തറ തുരന്ന് മൃതദേഹം കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്‌തെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തറ പൊളിച്ച് പരിശോധന നടത്തിയത്.
ചങ്ങനാശേരി ഡിവൈഎസ്പിയുടെയും തഹസില്‍ദാരുടെയും നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ശാസ്ത്രീയ പരിശോധന സംഘവും വിലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അടക്കം സ്ഥലത്തെത്തിയിരുന്നു.