
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ പിടിയിലായ പ്രതി ജിതിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം തള്ളിയത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജിതിന്റെ അഭിഭാഷകന്‍ പറഞ്ഞു.
പ്രതിയ്‌ക്കെതിരെ ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനുമുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുത്. മുമ്പും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ജിതിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.
യൂത്ത് കോണ്‍ഗ്രസ് നേതാവായ ജിതിനെ അടുത്ത മാസം ആറുവരെയാണ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കവെ, ജിതിന്‍ എറിഞ്ഞത് പടക്കമല്ല ബോംബ് തന്നെയെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. നിരോധിത രാസവസ്തുവായ പൊട്ടാസ്യം നൈട്രേറ്റിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയെന്നാണ് പ്രോസിക്യൂഷന്റെ വാദം.