കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ പിന്തുണച്ച് മുസ്‌ലിം ലീഗ്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുന്നതായും മുസ്‌ലിം ലീഗ് നേതാവ് എം.കെ.മുനീര്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള സംഘടനകളെ പ്രതിരോധിക്കാനുള്ള ബാധ്യത മുസ്‌ലിം സമുദായത്തിനുണ്ട്. നിരോധനം കൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കുന്നില്ല. പുതിയ തലമുറയെ ഇത്തരം സംഘടനകള്‍ വഴിതെറ്റിക്കുകയാണ്. വാളെടുക്കണമെന്ന് പറയുന്നവര്‍ ഏത് ഇസ്‌ലാമിന്റെ ആളുകളാണ്. ഇത്തരക്കാരെ സമുദായക്കാര്‍ തന്നെ നേരിടേണ്ടതുണ്ടെന്ന് എം.കെ.മുനീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
എല്ലാ സംഘടനകളും തീവ്രവാദത്തെ എന്നും എതിര്‍ത്തിരുന്നവരാണ്. പെട്ടെന്നൊരു ദിവസം വന്നവര്‍ ഖുറാന്‍ വ്യാഖ്യാനം ചെയ്ത് ഇതാണ് ഇസ്‌ലാമിന്റെ പാതയെന്ന് പറയുന്നു. ഏത് ഇസ്‌ലാമാണ് അങ്ങനൊരു മുദ്രാവാക്യം വിളിക്കാന്‍ കൊച്ചുകുട്ടികളോട് പറയുന്നത്. തീവ്രവാദം നശിക്കട്ടെയെന്നാണ് പ്രവാചകന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഇസ്‌ലാം എന്ന വാക്കിന്റെ അര്‍ത്ഥം പോലും സമാധാനം എന്നാണ്.
ഒരേസമുദായത്തില്‍ നിന്ന് ഇതുപോലെയുള്ള പ്രവൃത്തികളുമായി വരുന്നവരെ പ്രതിരോധിക്കേണ്ടത്, ആ സമുദായത്തിന്റെ ബാധ്യതയാണത്. ഞങ്ങള്‍ ആ കടമ നിര്‍വ്വഹിക്കുന്നതായും എം.കെ.മുനീര്‍ വ്യക്തമാക്കി.