
കണ്ണൂര്‍: ചിറ്റാരിപ്പറമ്പ് ഇരട്ടക്കുളങ്ങരയില്‍ കറവപ്പശുവിന് പേവിഷബാധ. ഞാലില്‍ സ്വദേശിനി പി.കെ.അനിതയുടെ പശുവിനാണ് പേവിഷബാധയുണ്ടായത്. ഇന്നലെ മുതലാണ് പശു അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയത്. പനിയാണെന്ന് കരുതി ഇന്നലെ മരുന്ന് നല്‍കിയിട്ടും കുറവാകാത്തതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ ചിറ്റാരിപ്പറമ്പ് മൃഗാശുപത്രിയില്‍ നിന്നും വെറ്ററിനറി ഡോക്ടറെത്തിയാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ഇന്നലെ പശുവിന് മരുന്ന് നല്‍കിയ മൂന്ന് പേര്‍ കൂത്തുപറമ്പ് ബ്ലോക്ക് തൊടീക്കളം ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയിട്ടുണ്ട്. പശുവിന്റെ അഞ്ച് മാസം പ്രായമുള്ള കിടാവിന് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പശുവിന് ദയാവധം നടത്തി.
ഇന്നലെ കണ്ണൂരിലെ ചാലയില്‍ പശു പേവിഷബാധ മൂലം ചത്തിരുന്നു. ചാല സ്വദേശി ഷിജിത്തിന്റെ കറവപ്പശുവാണ് ചത്തത്. പശു അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ വന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. അധികം വൈകാതെ പശു ചത്തുപോവുകയും ചെയ്തു. പശുവിനെ തെരുവുനായ കടിച്ചതിന്റെ ലക്ഷണങ്ങളോ മുറിവുകളോ ശരീരത്തിലില്ലായിരുന്നു. പുല്ലില്‍നിന്നോ മറ്റോ വിഷബാധയേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം.