ദലിത് ബാലിക വിളമ്പിയ ഭക്ഷണം വലിച്ചെറിഞ്ഞു; സര്‍ക്കാര്‍ സ്‌കൂളിലെ പാചകക്കാരന്‍ അറസ്റ്റില്‍

ജയ്പ്പൂര്‍: ദലിത് ബാലിക വിളമ്പിയ ഭക്ഷണം വലിച്ചെറിയാന്‍ കുട്ടികളോട് നിര്‍ദ്ദേശിച്ച സര്‍ക്കാര്‍ സ്‌കൂള്‍ പാചകക്കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം നടന്നത്.

ബറോഡിയിലെ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ പാചകക്കാരനായ ലാലാ റാം ഗുര്‍ജാര്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ പാചകം ചെയ്യുന്ന ഭക്ഷണം വിദ്യാര്‍ത്ഥികളെക്കൊണ്ട് വിളമ്പിക്കുകയായിരുന്നു പതിവ്. സാധാരണ ഇയാള്‍ മേല്‍ജാതിക്കാരായ വിദ്യാര്‍ത്ഥികളെയാണ് നിയോഗിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം അധ്യാപിക നിര്‍ദ്ദേശിച്ചതനുസരിച്ച് ദളിത് വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ഭക്ഷണം വിളമ്പിയത്.

ദലിത് ബാലിക ഭക്ഷണം വിളമ്പുന്നത് കണ്ട ലാലാ റാം അത് തടയുകയും വാങ്ങിയ കുട്ടികളോട് ഭക്ഷണം വലിച്ചെറിയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഇത് അനുസരിച്ചു. തുടര്‍ന്ന് ദലിത് ബാലിക ഇക്കാര്യം വീട്ടിലെത്തി അച്ഛനമ്മമാകെ ധരിപ്പിക്കുകയായിരുന്നു. പിന്നീട് വീട്ടുകാരാണ് സ്‌കൂളിലെത്തി പാചകക്കാരനെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ലാലാ റാമിനെ വൈകാതെ അറസ്റ്റ് ചെയ്യുകയായിരുന്നു.