ലോസ് എഞ്ചല്‍സ്: കൊടുംചൂടിനെ തുടര്‍ന്ന് വടക്കന്‍ കാലിഫോര്‍ണിയയില്‍ വ്യാപക കാട്ടുതീ. വെള്ളിയാഴ്ചയാണ് ആയിരത്തിലധികം ഏക്കറില്‍ കാട്ടുതീ പടര്‍ന്നത്. ഈ സാഹചര്യത്തില്‍ പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു. അപകടകരമായ നിലയില്‍ കാട്ടുതീ വ്യാപിക്കുകയാണെന്നും പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ അപകടത്തിലാണെന്നും സിസ്കിയോ കൗണ്ടിയിലെ അഗ്നിശമന വിഭാഗം മുന്നറിയിപ്പ് നല്കി.
വീഡ്, ലേക്ക് ഷാസ്റ്റിന, എഡ്ജ്വുഡ് എന്നീ നഗരങ്ങളിലുള്ളവരോടും ഒഴിഞ്ഞ് പോകാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. ജീവന് ഭീഷണിയുള്ളതിനാല്‍ പ്രദേശത്തുള്ളവര്‍ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും പ്രദേശം പൂര്‍ണ്ണമായും അടച്ചതായും ഒഴിപ്പിക്കല്‍ ഉത്തരവില്‍ പറയുന്നു. സെപ്റ്റംബറില്‍ രാജ്യത്തെ താപനില റെക്കോര്‍ഡ് നിലയില്‍ എത്തുമെന്നും കാട്ടുതീ വ്യാപിക്കുമെന്നും കാലാവസ്ഥ വിഭാഗം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.