ലണ്ടന്‍: ലോകത്തെ വന്‍ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യക്ക് മുന്നിലുള്ളത്. ബ്രിട്ടനെ പിന്നിലാക്കിയാണ് ഇന്ത്യയുടെ കുതിപ്പ്. പട്ടികയില്‍ ആറാം സ്ഥാനത്താണ് ബ്രിട്ടന്‍. ഡോളര്‍ ആധാരമാക്കിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
പത്ത് വര്‍ഷം മുമ്പ് ഈ പട്ടികയില്‍ 11-ാമതായിരുന്നു ഇന്ത്യ, ബ്രിട്ടന്‍ അഞ്ചാം സ്ഥാനത്തും. ജീവിതച്ചെലവ് ക്രമാതീതമായി ഉയര്‍ന്നതാണ് ബ്രിട്ടനെ പിന്നിലാക്കിയത്. 2021-ലെ അവസാന മൂന്ന് മാസങ്ങളിലെ പ്രകടമാണ് ഇന്ത്യയ്ക്ക് തുണയായത്.
അന്താരാഷ്ട്ര നാണയനിധിയില്‍ നിന്നുള്ള ജി.ഡി.പി കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആദ്യ പാദത്തിലും ഇന്ത്യ മികവ് തുടര്‍ന്നിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ ഏഴ് ശതമാനത്തിലേറെ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രവചനം. രാജ്യത്തെ ഓഹരിസൂചികകളിലുണ്ടായ മുന്നേറ്റം ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.