
തിരുവനന്തപുരം: വൃത്തഹീനമായ സാഹചര്യങ്ങളില്‍ ഷവര്‍മ വില്‍പന നടത്തുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. ഷവര്‍മ്മയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. ലൈസന്‍സില്ലാതെ ഷവര്‍മ വില്‍പന നടത്തിയാല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം വരെ തടവും ലഭിക്കും.
പാഴ്‌സല്‍ നല്‍കുന്ന ഷവര്‍മ പാക്കറ്റുകളില്‍ അതുണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം. ഒരു മണിക്കൂറിന് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും രേഖപ്പെടുത്തണം. തൊഴിലാളികള്‍ക്ക് കൃത്യമായ പരിശീലനം നല്‍കണം. വൃത്തിയുള്ള സ്ഥലത്തുമാത്രമേ ഷവര്‍മ പാകം ചെയ്യാവൂ. ഷവര്‍മ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സ്റ്റാന്‍ഡ് വൃത്തിയുള്ളതും പൊടിപിടിയ്ക്കാത്തതും ആയിരിക്കണം. ഇറച്ചി മുറിയ്ക്കാന്‍ വൃത്തിയുള്ള കത്തികള്‍ ഉപയോഗിക്കണം. ഭക്ഷണമുണ്ടാക്കുന്നവര്‍ ഹെയര്‍ ക്യാപ്പും ഗ്ലൗസും ധരിക്കണം. തൊഴില്‍ദാതാവ് തൊഴിലാളികളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഷവര്‍മ തയ്യാറാക്കാനുള്ള ഉല്‍പ്പന്നങ്ങള്‍ എഫ്.എസ്.എസ്.എ.ഐ അംഗീകാരമുള്ള വ്യാപാരികളില്‍ നിന്നുമാത്രമേ വാങ്ങാവൂ. ബ്രഡിലും കുബ്ബൂസിലും ഉപയോഗ കാലാവധി രേഖപ്പെടുത്തുന്ന സ്റ്റിക്കറുകള്‍ ഉണ്ടാകണം. ചിക്കന്‍ 15 മിനുട്ടും ബീഫ് 30 മിനുട്ടും തുടര്‍ച്ചയായി വേവിക്കണം. അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണം. ബിഫ് 71 ഡിഗ്രി സെല്‍ഷ്യസില്‍ 15 സെക്കന്‍ഡും കോഴിയിറച്ചി 74 ഡിഗ്രി സെല്‍ഷ്യസില്‍ 15 സെക്കന്‍ഡും രണ്ടാമത് വേവിക്കണം. പാസ്ചറൈസ്ഡ് മുട്ട മാത്രമേ മയണൈസ് നിര്‍മ്മാണത്തിന് ഉപയോഗിക്കാവൂ. മയണൈസ് പുറത്തെ താപനിലയില്‍ രണ്ട് മണിക്കൂറിലധികം വെക്കാന്‍ പാടില്ല. ഉപയോഗിച്ച ശേഷം ബാക്കിവരുന്ന മയണൈസ് നാല് ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം. രണ്ട് ദിവസത്തിന് ശേഷം ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.