തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബില്‍ നിയമസഭ പാസ്സാക്കി. എന്നാല്‍ ബില്ലിന്റെ വോട്ടെടുപ്പിന് മുന്‍പ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം. ഇതിന് കൂട്ടുനില്‍ക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ലോകായുക്ത ബില്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുതിയ ഭേദഗതികള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സഭ അധികാരപ്പെടുത്താത്ത ഭേദഗതിയില്‍ മാറ്റം വരുത്തി ബില്‍ അവതരിപ്പിക്കുന്നതും ചട്ടവിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ജുഡീഷ്യല്‍ തീരുമാനം പരിശോധിക്കാന്‍ എക്‌സിക്യൂട്ടീവിന് സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. എന്നാല്‍ ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്കും ഭേദഗതി വരുത്താമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷമാണ് ബില്‍ സഭയില്‍ മടങ്ങിയെത്തിയത്. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് പദവിയില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്ന ലോയായുക്ത വിധി വീണ്ടും ഹിയറിങ് നടത്തി സര്‍ക്കാരിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് നിയഭേദഗതിയിലൂടെ കൊണ്ടുവരുന്നത്. പുതിയ ഭേദഗതി പ്രകാരം മന്ത്രിക്കെതിരായ ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി അപ്പീല്‍ അധികാരിയാകും.