സില്‍വര്‍ ലൈന്‍: ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിയ്ക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് വ്യത്യസ്ത നിലപാടുകളാണ് ഉള്ളതെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് വ്യക്തത വരുത്തേണ്ടതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

പദ്ധതിയ്ക്കുള്ള സാമൂഹികാഘാത പഠനം നിര്‍ത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനത്തെ എതിര്‍ത്തുകൊണ്ടുള്ള വിവധ ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഭൂമി ഏറ്റെടുക്കല്‍ നടപടി അവസാനിപ്പിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ടുപോകുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

അതേസമയം പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളുടെ സ്ഥിതി എന്തായെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.