
കോട്ടയം: കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും മുന്‍ മന്ത്രി സി.എഫ്. തോമസിന്റെ സഹോദരനുമായ സാജന്‍ ഫ്രാന്‍സിസ് (68) അന്തരിച്ചു. ചങ്ങനാശ്ശേരി മുന്‍ നഗരസഭാ ചെയര്‍മാനായിരുന്നു.
യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിരുന്ന ചങ്ങനാശ്ശേരി നഗരസഭയില്‍ കൗണ്‍സിലറായിരുന്ന സാജന്‍ ഫ്രാന്‍സിസ് കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി പക്ഷം ഇടതുമുന്നണിയിലേക്ക് പോയപ്പോഴാണ് നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ലഭിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സാജന്‍ ഫ്രാന്‍സിസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സീറ്റ് ലഭിച്ചിരുന്നില്ല. ചങ്ങനാശ്ശേരി എം.എല്‍.എ ആയിരുന്ന സി.എഫ് തോമസ് 2020 സെപ്റ്റംബറിലാണ് അര്‍ബുദ രോഗ ബാധയെത്തുടര്‍ന്ന് അന്തരിച്ചത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി പാര്‍ട്ടിയിലേക്ക് വരുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല.
സാജന്‍ ഫ്രാന്‍സിസിന്റെ നിര്യാണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം അനുശോചനം രേഖപ്പെടുത്തി. ഭൗതികശരീരം ഇന്ന് രാവിലെയാണ് ചങ്ങനാശ്ശേരിയിലെ വസതിയില്‍ എത്തിക്കുക. സംസ്‌കാരം നാളെ ഉച്ചതിരിഞ്ഞ് 2.30ന് ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തന്‍ പള്ളിയില്‍ വെച്ച് നടക്കും.