കൊച്ചി: കൊച്ചിയിലെ വിവിധ എ.ടി.എമ്മുകളില്‍ നിന്ന് പണം കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയാ മുബാറക്കാണ് ഇടപ്പള്ളിയില്‍ നിന്നും പിടിയിലായത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഉണ്ടോയെന്നുള്ളതും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ തട്ടിപ്പിനായി ഉപയോഗിച്ച വസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊച്ചിയിലെ വിവിധ എടിഎമ്മുകളിലായി 11 ഇടങ്ങളിലാണ് തട്ടിപ്പ് നടന്നത്. എ.ടി.എം മെഷീന്റെ പണം വരുന്ന ഭാഗത്ത് കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്.
18-ാം തീയതിയാണ് കളമശ്ശേരി പ്രീമിയര്‍ ജങ്ഷനിലെ എ.ടി.എമ്മില്‍ നിന്ന് പണം തട്ടിയെടുത്തത്. ഇവിടെ നിന്ന് മാത്രം കാല്‍ ലക്ഷത്തോളം രൂപ സംഘം തട്ടിയെടുത്തിരുന്നു. ഈ സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയപ്പോഴാണ് കൂടുതല്‍ സ്ഥലങ്ങളില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.
എ.ടി.എമ്മിലെ പണം വരുന്ന ഭാഗം പ്രത്യേക രീതിയില്‍ തടസ്സപ്പെടുത്തിയാണ് പണം മോഷ്ടിച്ചത്. ഇടപാടുകള്‍ പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ തുക പുറത്തേക്ക് വരില്ല. ഇതേത്തുടര്‍ന്ന് ഇടപാടുകാര്‍ എ.ടി.എമ്മില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ മോഷ്ടാവ് ഉള്ളില്‍ കയറി പണം കൈക്കലാക്കുകയാണ് ചെയ്തിരുന്നത്.
കളമശ്ശേരി എ.ടി.എമ്മില്‍ നിന്നും ഏഴു തവണയായിട്ടാണ് കാല്‍ലക്ഷം രൂപ തട്ടിയെടുത്തത്. കളമശ്ശേരി എ.ടി.എമ്മിലെ തട്ടിപ്പില്‍ ബാങ്ക് മാനേജരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പാലാരിവട്ടം, തൃപ്പൂണിത്തുറ തുടങ്ങിയ എ.ടി.എമ്മുകളിലും തട്ടിപ്പു നടന്നതായാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. തട്ടിപ്പു നടത്തിയ മോഷ്ടാക്കളുടെ സംഘം പണം കൈക്കലാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അതില്‍ നിന്നാണ് മോഷ്ടാക്കളെ കണ്ടെത്തിയത്.