ഗര്‍ഭച്ഛിദ്രത്തിന് വിവാഹിത-അവിവാഹിത വേര്‍തിരിവ് പാടില്ല; നിയമത്തില്‍ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: 24 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി നല്‍കുന്നതില്‍ വിവാഹിതയെന്നോ അവിവാഹിതയെന്നോ വ്യത്യാസമില്ലാത്ത വിധത്തില്‍ ഗര്‍ഭച്ഛിദ്ര നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് സുപ്രീം കോടതി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമത്തില്‍ സൂക്ഷ്മമായ വിലയിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിധി, ഇതുമായി ബന്ധപ്പെട്ട ഹര്‍ജി വിധി പറയാന്‍ മാറ്റി.

24 ആഴ്ച വരെയുള്ള ഗര്‍ഭഛിദ്രത്തിന് നിലവില്‍ ഏഴ് വിഭാഗത്തിനാണ് അനുമതി നല്‍കുന്നത്. വിവാഹിതയെന്നോ അവിവാഹിതയെന്നോ വ്യത്യാസമില്ലാതെ, പരിത്യജിക്കപ്പെട്ട സ്ത്രീയെക്കൂടി ഇതില്‍ പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തില്‍ വിവാഹിത, അവിവാഹിത വ്യത്യാസം ഉദ്ദേശിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അങ്ങനെയൊരു വേര്‍തിരിവ് ഉണ്ടെന്ന് കോടതിയ്ക്ക് തോന്നുന്ന പക്ഷം ചട്ടങ്ങളില്‍ മാറ്റം വരുത്തി ഉത്തരവ് പുറപ്പെടുവിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.