തിരുവനന്തപുരം: സര്‍വ്വകലാശാലകളില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്കുള്ള അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്‍ വരുന്ന 24-ാം തീയതി ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. നിയമസഭ കാര്യോപദേശക സമിതിയാണ് ബില്‍ 24-ന് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. പുതിയ ബില്‍ പ്രകാരം വിസി നിയമന സമിതിയുടെ അംഗബലം അഞ്ചായി ഉയരും. കഴിഞ്ഞ ചേര്‍ന്ന മന്ത്രിസഭാ യോഗം ഈ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു.
നിലവില്‍ വിസി നിയമനത്തിന് മൂന്നംഗ സമിതിയാണുള്ളത്. ഗവര്‍ണറുടെ നോമിനി, യുജിസി നോമിനി, അതതു സര്‍വ്വകലാശാലകളുടെ നോമിനി എന്നിവരടങ്ങുന്ന സമിതിയാണ് നിലവിലുള്ളത്. അത് അഞ്ചംഗ സമിതിയാക്കി മാറ്റാനാണ് പുതിയ ബില്ലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗവര്‍ണറുടെ നോമിനിയെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും. കൂടാതെ സര്‍ക്കാരിന്റെ നോമിനിയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനും പുതുക്കിയ സമിതിയില്‍ ഉണ്ടാകും. നിയമ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് പുതിയ ബില്ലിന് രൂപം നല്‍കിയത്.
ലോകായുക്ത നിയമഭേദഗതി ബില്ലും ബുധനാഴ്ച സര്‍ക്കാര്‍ നിയമസഭയില്‍ ബുധനാഴ്ച അവതരിപ്പിക്കും. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് പദവിയില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്ന ലോയായുക്ത വിധി വീണ്ടും ഹിയറിങ് നടത്തി സര്‍ക്കാരിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് നിയഭേദഗതിയിലൂടെ കൊണ്ടുവരുന്നത്. പുതിയ ഭേദഗതി പ്രകാരം മന്ത്രിക്കെതിരായ ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി അപ്പീല്‍ അധികാരിയാകും.
അതേസമയം സര്‍ക്കാര്‍ അവതരിപ്പിക്കുന്ന സര്‍വ്വകലാശാല, ലോകായുക്ത ഭേദഗതി ബില്ലുകളെ പ്രതിക്ഷം എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാണ് വി.ഡി.സതീശന്‍ പറഞ്ഞു.