
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു മണ്ണാര്‍ക്കാട് എസ്.സി- എസ്.ടി കോടതിയുടെ വിധി. ഹൈക്കോടതി ജാമ്യം അനുവദിച്ച 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടര്‍ന്ന സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. പ്രതികളുടെ സ്വാധീനത്താലാണ് സാക്ഷികള്‍ കൂറുമാറിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതിനു തെളിവായി ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും കോടതിയില്‍ ഹാജരാക്കി.
പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം ഒരാള്‍ അറസ്റ്റിലായിരുന്നു.
അതേസമയം ഇന്ന് കോടതിയില്‍ ഹാജരായ നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദിഖ്, 15-ാം പ്രതി ബിജു എന്നിവരെ റിമാന്‍ഡ് ചെയ്തു. മറ്റുള്ള ഒന്‍പത് പേര്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.