കല്പറ്റ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ പി.എ. രതീഷ് അടക്കം നാല് പേരാണ് അറസ്റ്റിലായത്. രതീഷിനെക്കൂടാതെ ഓഫീസ് ജീവനക്കാരന് എസ്.ആര്.രാഹുല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കെ.എ. മുജീബ്, വി.നൗഷാദ് എന്നിവരെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഒരു ഇടപെടലും നടത്തുന്നില്ലെന്ന് ആരോപിച്ച് എം.പി ഓഫീസിലേക്ക് എസ്.എഫ്.ഐക്കാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയായിരുന്നു അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. മാര്‍ച്ചില്‍ ഓഫീസിന്റെ ജനല്‍ച്ചില്ലും മറ്റും പ്രതിഷേധക്കാര്‍ നശിപ്പിച്ചിരുന്നു. അതിനിടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രവും തകര്‍ക്കപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 29 എസ്.എഫ്.ഐ പ്രവര്‍ത്തകരെ നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു.
ഓഫീസിനകത്തേക്ക് അതിക്രമിച്ച് കയറിയെങ്കിലും ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് തങ്ങളല്ലെന്നായിരുന്നു എസ്.എഫ്.ഐക്കാരുടെ വാദം. ഗാന്ധി ചിത്രം തകര്‍ത്തതില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഗാന്ധി ചിത്രം തകര്‍ത്തതുമായി ബന്ധപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരും ഹാജരാകാതിരുന്ന പശ്ചാത്തലത്തിലായിരുന്നു പൊലീസിന്റെ അറസ്റ്റ്.