വയനാട് ജില്ലാ കളക്ടറുടെ ചിത്രം ഡി.പിയാക്കി വ്യാജ വാട്‌സാപ്പ് അക്കൗണ്ട്; പണം തട്ടാന്‍ ശ്രമം

കല്‍പ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ ചിത്രം ഡിപിയാക്കി വ്യാജ വാട്‌സാപ്പ് അക്കൗണ്ടിലൂടെ പണം തട്ടാന്‍ ശ്രമം. കളക്ടര്‍ എം.ഗീതയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചാണ് പണം തട്ടാനുള്ള ശ്രമം നടക്കുന്നത്. ജില്ലാ കളക്ടര്‍ തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

കളക്ടറുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ നിന്നും

വ്യാജന്മാരെ സൂക്ഷിക്കണേ!

എന്റെ പ്രൊഫൈല്‍ ഫോട്ടോ ഡി.പി ആക്കിയ ഒരു വ്യാജ വാട്‌സാപ്പ് അക്കൗണ്ടില്‍ നിന്ന് പണം ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കുക. അതില്‍ കാണുന്ന നമ്പര്‍ ഉപയോഗിക്കുന്ന ആള്‍ക്ക് വാട്‌സാപ്പ് ഇല്ല എന്നും അന്വേഷണത്തില്‍ മനസിലാകുന്നു. സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിച്ച് കര്‍ശന നടപടി കൈക്കൊള്ളും.

വ്യാജമായി സൃഷ്ടിച്ച ഇത്തരം പ്രൊഫൈലുകള്‍ പലര്‍ക്കും ശല്യമാകുന്നുണ്ട്. നിങ്ങള്‍ ഇത്തരം ഒരു തട്ടിപ്പിന് ഇരയായാല്‍, ഉടനെ സൈബര്‍ പോലീസില്‍ പരാതി നല്‍കുക. നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക് അറുതി വരുത്താന്‍ കഴിയൂ. ജാഗ്രതയോടെ സമൂഹ മാധ്യമങ്ങളില്‍ ഇടപെടുകയും, സുരക്ഷിതരായിരിക്കുകയും ചെയ്യുക.