ന്യൂഡെല്‍ഹി: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ഹര്‍ ഘര്‍ തിരംഗ’ എന്ന ആഹ്വാനം ജനം ഏറ്റെടുത്തതോടെ ഈ വര്‍ഷം വിറ്റഴിഞ്ഞത് 30 കോടിയോളം ദേശീയപതാകകള്‍. ഇതുവഴി 500 കോടി രൂപയുടെ വരുമാനം ഉണ്ടായെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് അറിയിച്ചു.
കഴിഞ്ഞ 15 ദിവസത്തിനിടെ ദേശീയപതാകയുമായി ബന്ധപ്പെട്ട് രാജ്യത്താകെ മൂവായിരത്തിലധികം പരിപാടികള്‍ വിവിധ വ്യവസായ പ്രമുഖരും മറ്റു മേഖലകളിലുള്ളവരും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സി.എ.ഐ.ടി ദേശീയ പ്രസിഡന്റ് ബി.സി.ഭാരതീയയും സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഘണ്‍ഡേല്‍വാലും അറിയിച്ചു. 20 ദിവസത്തിനിടെ ജനങ്ങളുടെ ആവശ്യാനുസരണം 30 കോടിയിലധികം ദേശീയപതാക നിര്‍മ്മിക്കാന്‍ ഇന്ത്യയിലെ വ്യവസായികള്‍ക്ക് കഴിഞ്ഞു എന്നത് അവരുടെ പ്രാപ്തിയും കഴിവും തെളിയിക്കുന്നതാണെന്നും സി.എ.ഐ.ടി പ്രതിനിധികള്‍ അറിയിച്ചു.
പോളിസ്റ്റര്‍ തുണി ഉപയോഗിച്ച് ദേശീയ പതാക മെഷീനില്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് നിര്‍മ്മാണം വേഗത്തിലാക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. നേരത്തെ ഖാദി അല്ലെങ്കില്‍ പരുത്തിത്തുണിയില്‍ മാത്രമേ ദേശീയ പതാക നിര്‍മ്മിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ.