ന്യൂഡെല്‍ഹി: 76-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ ഇന്ത്യ. രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഇന്ന് രാജ്യത്തിന്റെ ഐതിഹാസിക ദിനമാണ്. ഇന്ത്യ പുത്തന്‍ ഉണര്‍വ്വിലാണെന്നും അടുത്ത 25 വര്‍ഷം വളരെ നിര്‍ണ്ണായകമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ദിശയില്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ശ്രീനാരായണഗുരു അടക്കമുള്ള മഹാന്‍മാരെ അനുസ്മരിച്ച നരേന്ദ്രമോദി അവര്‍ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചെന്ന് ഓര്‍ത്തെടുത്തു. ഇന്ത്യാവിഭജനത്തെക്കുറിച്ചും പ്രസംഗത്തില്‍ മോദി പരാമര്‍ശിച്ചു. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയാണ്. 75 വര്‍ഷം സുഖദുഃഖങ്ങ സമ്മിശ്രമായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഇത് ഐതിഹാസിക ദിനമാണ്. നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണം. സ്വാതന്ത്ര്യത്തിന് ജീവന്‍ നല്‍കിയവരെ നന്ദിയോടെ സ്മരിക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളോട് കടം വീട്ടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ സംബന്ധിച്ച് അടുത്ത വര്‍ഷം നിര്‍ണ്ണായകമാണ്. പ്രധാനമായും അഞ്ച് കാര്യങ്ങളിലാണ് ശ്രദ്ധ നല്‍കേണ്ടത്. വികസിത ഇന്ത്യയെന്നതായിരിക്കണം ഇനി നമ്മുടെ ലക്ഷ്യം. അടിമത്തത്തെ പൂര്‍ണ്ണമായി ഉന്‍മൂലനം ചെയ്യാന്‍ കഴിയണം. നമ്മുടെ പാരമ്പര്യത്തില്‍ നാം അഭിമാനം കൊള്ളണം. രാജ്യത്തെ 130 കോടി ജനങ്ങളും ഒന്നിച്ച് നില്‍ക്കണം. ഓരോരുത്തരും പൗരന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കണമെന്നും മോദി പറഞ്ഞു.
ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സന്നിഹിതരായി. വിവിധ മേലകളില്‍ നിന്ന് 7000 പേരാണ് ഇക്കുറി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണിതാക്കളായി എത്തിയത്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യമൊട്ടാകെ വിപുലമായ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.