ന്യൂഡെല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ആസാദി കാ അമൃത് മഹോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹര്‍ ഘര്‍ തിരംഗ പരിപാടിയ്ക്ക് രാജ്യമെങ്ങും തുടക്കമിട്ടു. ഇന്നു മുതല്‍ സ്വാതന്ത്ര്യദിനം വരെ വീടുകളിലും വാഹനങ്ങളിലും പതാക ഉയര്‍ത്താനുള്ള ആഹ്വാനമാണ് ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനിലൂടെ നല്‍കിയിരിക്കുന്നത്. 20 കോടിയിലധികം വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇന്ന് മുതല്‍ സ്വാതന്ത്ര്യദിനം വരെ മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമാണ് ഏകോപിപ്പിക്കുന്നത്.
സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൗരസമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ സ്വവസതികളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നും ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.