വാളയാര്‍ പെണ്‍കുട്ടികളുടെ മരണം; സിബിഐ കുറ്റപത്രം തള്ളി കോടതി, പുനരന്വേഷണത്തിന് ഉത്തരവ്

പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ കുറ്റപത്രം പാലക്കാട് പോക്‌സോ കോടതി തള്ളി. സിബിഐ തന്നെ പുനരന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന വിധി.

കേസില്‍ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ശരിയായ രീതിയില്‍ അന്വേഷണം നടന്നില്ല. സിബിഐ സമര്‍പ്പിച്ച രേഖകളും തെളിവുകളും പൊരുത്തപ്പെടുന്നില്ല. കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 27-നാണ് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടികളുടേത് ആത്മഹത്യ തന്നെയാണ്, കൊലപാതകമെന്ന് സാധൂകരിക്കുന്നതിനുള്ള ഒരു തെളിവും ഇല്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് കേസ് അന്വേഷിച്ചത്.

ശാസ്ത്രീയ പരിശോധനയും ഡമ്മി പരീക്ഷണവും അടക്കം കേസന്വേഷണത്തിന്റെ ഭാഗമായി നടത്തിയിരുന്നു. കുട്ടികളുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇല്ലെന്നായിരുന്നു കുറ്റപത്രം ചൂണ്ടിക്കാട്ടിയത്. ഈ കുറ്റപത്രം പൂര്‍ണ്ണമായി കോടതി തള്ളി. ഈ കുറ്റപത്രം നിലനില്‍ക്കില്ലെന്നും സിബിഐ സംഘം തന്നെ കേസ് പുനരന്വേഷിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.