ന്യൂഡെല്‍ഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഉയര്‍ന്ന നിരക്കിനും താഴ്ന്ന നിരക്കിനും ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധി എടുത്തുകളഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇനി വിമാന കമ്പനികള്‍ക്ക് സ്വതന്ത്രമായി ടിക്കറ്റ് നിരക്ക് നിശ്ചയിക്കാം. വിമാന ഇന്ധനത്തിന്റെ വില വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
നിലവില്‍ വിമാന കമ്പനികളില്‍ പലതും വലിയ നഷ്ടം നേരിടുകയാണ്. നിയന്ത്രണം എടുത്തുകളഞ്ഞാല്‍ യാത്രക്കാര്‍ക്ക് ഡിസ്‌കൗണ്ട് അനുവദിച്ച് കൂടുതല്‍ പേരെ വിമാനയാത്രയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നും കമ്പനികള്‍ പറയുന്നു. നിയന്ത്രണം എടുത്തുകളയുന്നതോടെ മേഖലയില്‍ സ്ഥിരത കൈവരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഇത് ആഭ്യന്തര വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു.