ന്യൂഡെല്‍ഹി: ദത്തെടുക്കല്‍ സംബന്ധിച്ച് ഏകീകൃതവും സമഗ്രവുമായ നിയമര്‍മ്മാണം നടപ്പാക്കുന്നതിന് ഹിന്ദു അഡോപ്ഷന്‍സ് ആന്റ് മെയിന്റനന്‍സ് ആക്ടും ജുവനൈല്‍ ജസ്റ്റിസ് ആക്ടും സംയോജിപ്പിക്കേണ്ടതുണ്ടെന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. തിങ്കളാഴ്ച ചേര്‍ന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ദത്തെടുക്കല്‍ ഏകീകൃതമായി നടപ്പിലാക്കുന്നതിന് പുതിയ നിയമത്തില്‍ എല്ലാ മതങ്ങളെയും എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയേയും ഉള്‍പ്പെടുത്തണമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ബി.ജെ.പി നേതാവ് സുശീല്‍ മോദിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.
പുതിയ നിയമം കൂടുകല്‍ സുതാര്യവും ഉത്തരവാദിത്തമുള്ളതും മതം നോക്കാതെ എല്ലാവര്‍ക്കും ബാധകമായിരിക്കണമെന്നും പാനല്‍ പറഞ്ഞു. ഗാര്‍ഡിയന്‍ഷിപ്പ് ആന്‍ജ് അഡോപ്ഷന്‍ നിയമങ്ങളുടെ അവലോകന റിപ്പോര്‍ട്ടില്‍ ഹിന്ദു അഡോപ്ഷന്‍സ് ആന്റ് മെയിന്റനന്‍സ് ആക്ടിനും ജുവനൈല്‍ ജസ്റ്റിസ് ആക്ടിനും അതിന്റേതായ ഗുണങ്ങളും പോരായ്മകളും ഉണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഹിന്ദു അഡോപ്ഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് ആക്ട് പ്രകാരമുള്ള ദത്തെടുക്കല്‍ നടപടിക്രമം ലളിതവും ജുവനൈല്‍ ആക്ട് പ്രകാരമുള്ള ദത്തെടുക്കലിനേക്കാള്‍ സമയം ലാഭിക്കുന്നതുമാണ്. എന്നാല്‍ സമയലാഭം മാറ്റി നിര്‍ത്തിയാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന് കീഴിലുള്ള ദത്തെടുത്തല്‍ എച്ച്.എ.എം.എ ആക്ടിനേക്കാള്‍ കൂടുതല്‍ സുതാര്യവും ഉത്തരവാദിത്തമുള്ളതുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരം പോരായ്മകളും ഗുണങ്ങളും കണക്കിലെടുത്ത് രണ്ട് നിയമങ്ങളും യോജിപ്പിച്ച് ദത്തെടുക്കലിന് ഏകീകൃതവും സമഗ്രവുമായ ഒരു നിയമനിര്‍മ്മാണം കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.