ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മൂന്നു റൺസിന്റെ ആവേശജയം. ഇന്ത്യ ഉയർത്തിയ 309 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് ആറു വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് മാത്രമേ എടുക്കാൻ ആയുള്ളൂ.
മറുപടി ബാറ്റിംഗിൽ ഓപ്പണർ ഷായ് ഹോപിനെ വിൻഡീസിന് തുടക്കത്തിൽ തന്നെ നഷ്ടമായി. 18 പന്തിൽ ഏഴ് റൺസ് മാത്രമാണ് ഹോപിന്റെ സമ്പാദ്യം. മറ്റൊരു ഓപ്പണർ കെയ്ൽ മിൽസ് 68 പന്തിൽ 75 റൺസുമായി തകർത്തടിച്ചെങ്കിലും മറ്റുള്ള ബാറ്റർമാർക്ക് റൺനിരക്ക് ഉയർത്താൻ സാധിക്കാത്തത് തിരിച്ചടിയായി. ബ്രണ്ടൻ കിംഗ് (66 പന്തിൽ 54), ഷംറെ ബ്രൂക്സ് (61 പന്തിൽ 46), നിക്കോളാസ് പൂരൻ (26 പന്തിൽ 25) എന്നിവരെ തകർത്തടിക്കാൻ ഇന്ത്യൻ ബൗളർമാർ വിട്ടില്ല.
അവസാന ഓവറുകളിൽ റൊമാരിയോ ഷെപ്പേർഡും ( 25 പന്തിൽ 39 റൺസ്) അകീൽ ഹൊസൈനും (32 പന്തിൽ 33 റൺസ്) ആഞ്ഞു ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർ അവരെ വിജയത്തിൽ നിന്ന് തടഞ്ഞു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ്, ഷർദുൽ താക്കൂർ, യുസ്വേന്ദ്ര ചാഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതം ഇന്ത്യക്ക് ആയി വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റിന് 308 റൺസ് നേടി. ഇന്ത്യൻ ഓപ്പണർമാരായ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും മിന്നും പ്രകടനം കാഴ്ചവച്ചു. 99 പന്തിൽ മൂന്ന് സിക്സും 10 ഫോറും അടക്കം ധവാൻ 97 റൺസ് നേടി. 53 പന്തിൽ രണ്ട് സിക്സും ആറ് ഫോറും അടക്കം ശിഭ്മാൻ ഗിൽ 64 റൺസ് എടുത്തു.
ഓപ്പണിംഗ് വിക്കറ്റിൽ ഇവർ 17.4 ഓവറിൽ 119 റൺസ് നേടി. ശ്രേയസ് അയ്യറും (57 പന്തിൽ 54) തിളങ്ങി. ദീപക് ഹൂഡ (27), സൂര്യകുമാർ യാദവ് (13), സഞ്ജു സാംസൺ (12) എന്നിവർ വേഗംമടങ്ങി. വിൻഡീസിന് വേണ്ടി അൽസാരി ജോസഫും ഗുഡകേഷ് മോട്ടിയും രണ്ട് വിക്കറ്റ് വീതം നേടി.